അന്തർധാരകളുടെ 'Thing's Fall apart'
തൻ്റെ ചുറ്റും നടക്കുന്ന മാറ്റങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ചില വ്യക്തികളും സമൂഹങ്ങളും കാണും ,തികഞ്ഞ പാരമ്പര്യ വാദികൾ. പഴമയെയും സംസ്ക്കാരത്തെയും ജീവിതത്തിൻ്റെ തന്നെ ഭാഗവാക്കാക്കുന്നവർ. അവർക്ക് പലതും പെട്ടെന്ന് ദഹിച്ചു എന്ന് വരില്ല... മാറ്റങ്ങൾ പലതും.
ഇത്തരത്തിൽ കൊളോണിയൽ ശക്തികൾക്ക് അടിമപ്പെട്ട് വളരെ വേഗം മാറ്റങ്ങൾക്ക് വഴിമാറിയ ,എന്നാൽ പൂർണമായും മാറാത്ത ചില ചിന്താഗതികളെയും, അഹംബോധത്തെയും സർവോപരി പഴമയോട് വൈകാരികമായ ബന്ധം പുലർത്തുന്നതുമായ ഒരു വ്യക്തിയുടെ / സമൂഹത്തിൻ്റെ കഥയാണ് നൈജീരിയൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചിനുവ അച്ചബേയുടെ(chinua achebe) 'Thing's Fall apart'.
പേരുപോലെ തന്നെ ചില തകർന്നടിയലുകളാണ് നോവലിലുടനീളം.തനത് നൈജീരിയൻ സംസ്ക്കാരമായ ഇഗ്ബോ(Igbo) ,അതിലെ നിയമ സംഹിതകൾ ,സാമൂഹീക നീതി, തനത് ഗോത്ര ആചാരങ്ങൾ, ഭാഷ, മതം അങ്ങനെ ഒടുക്കം കഥാ നായകനായ ഓക്കോഗോയുടെ (Okonkwo) ജീവിതവും. കിഴക്കൻ നൈജീരിയയിലെ ഉമോഫിയ (Umofia) എന്ന സാങ്കൽപ്പിക ഗ്രാമത്തെയും അതിന് ചുറ്റുമുള്ള ചില ഗ്രാമങ്ങളെയും കോർത്തിണക്കി കഥാകാരൻ യഥാർഥ നൈജീരിയയുടെ കഥ തന്നെയാണ് ഇവിടെ അനാവരണം ചെയ്യുന്നത്.
ഗോത്രവർഗ്ഗത്തിൻ്റെ തലവനാണ് കഥാനായകൻ ഒക്കോഗോ, തൻ്റെ പിതാവ് തീർത്തും പരാജയമായതിനാൽ തന്നെ അയാൾ സമൂഹത്തിൽ അഗ്ബാല (agbala)എന്നാണ് അറിയപ്പെട്ടത്,ആയാളുടെ മരണവും അത്രകണ്ട് ക്ഷീണമാണ് ഒക്കോഗോയ്ക്കും ഉണ്ടാക്കിയത്, ഒടുക്കം കുടുംബത്തെ കടക്കെണികളിൽ പെടുത്തി അയാൾ അന്ത്യശ്വാസം വലിച്ചു.ഒക്കോഗോ കടുംപിടുത്തക്കാരനായും, ധാർഷ്ഠ്യക്കാരനായും പരിണമിച്ച് തൻ്റെ അച്ഛൻ ഉണ്ടാക്കി വച്ച മാനക്കേടുകൾ മറികടക്കാൻ ശ്രമിക്കുന്നു.
അങ്ങനെയിരിക്കെ അയൽ ഗോത്രമായ മബീനോയിലെ( Mbaino) ഒരാൾ ഒക്കോഗോയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ കൊല്ലുന്നു, ഗോത്രങ്ങൾ തമ്മിൽ യുദ്ധം ഏറെക്കുറേ ഉറപ്പായ നിലയ്ക്ക് സന്ധിക്ക് മുതിർന്ന് ഉമോഫിയയ്ക്ക് നഷ്ട്ടമായ ഒരു ജീവന് പകരമായി ഒരു കന്യകയേയും ,ഇക്മിഫ്യൂണ (Ikemefuna) എന്ന കുട്ടിയേയും നൽകാൻ മബീനോ ഗോത്രം തയ്യാറാകുന്നു.
ഇത്തരത്തിൽ സംഭവബഹുലമായി കഥ നീളുന്നതിനിടെയാണ് ഒക്കോഗോ ഒരു അശരീരി കേട്ട് ഇക്മിഫ്യൂണയെ കൊല്ലാൻ തയ്യാറാകുന്നത്, ഗോത്രാചാര പ്രകാരം അശരീരി നടപ്പാക്കേണ്ടത് അനിവാര്യമാണ്.
ഇതിനിടെ ഒക്കോഗോയുടെ തോക്ക് അബദ്ധത്തിൽ പൊട്ടിയത് മറ്റൊരു കൊലപാതകത്തിനിടയാക്കുന്നു. അതിനാൽ തന്നെ ഗോത്ര നിയമപ്രകാരം യുമോഫിയയിൽ നിന്നും നിശ്ചിത വർഷത്തേക്ക് വിട്ടു നിൽക്കാൻ ഒക്കോഗോ ബാധ്യസ്ഥനാകുന്നു.
കഥയുടെ വൈകാരിക തലം ആരംഭിക്കുന്നത് ഒക്കോഗോയുടെ മടങ്ങി വരവിലാണ് .
തൻ്റെ ഗോത്രം ആകെ മാറിയിരിക്കുന്നതായി ആയാൾ മനസിലാക്കി ,ഒരു വിധത്തിലും തനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത വിധത്തിൽ തൻ്റെ പാരമ്പര്യവും ഗോത്രത്തിൻ്റെ തനത് ആരാധനാ വൈവിധ്യതയും ഒടുക്കം ഭാഷയും വെള്ളക്കാരായ ക്രിസ്ത്യൻ മിഷനറിമാരുടെ
കാൽകീഴിലായിരിക്കുന്നു. ഗോത്രത്തിലെ യുവാക്കൾ അതിനെ ഏറീയപങ്കും അംഗീകരിച്ചിരിക്കുന്നു.
ഇതിനിടെ ഒക്കോഗോ തൻ്റെ ഗ്രാമത്തിൽ വെള്ളക്കാരൻ കെട്ടിപ്പൊക്കിയ ക്രിസ്ത്യൻ ദേവാലയം തകർക്കാൻ പദ്ധതിയിട്ട കുറച്ചാളുകളുമായി ചേർന്ന് പ്രവർത്തിക്കുകയും അതിന് വെള്ളക്കാരൻ്റെ കോടതിയിൽ കുറ്റം ഏൽക്കേണ്ടി വരുകയും ചെയ്യുന്നു, ഒടുക്കം ഒരു വെള്ളക്കാരന് മേൽ കൈ ഉയർത്തി എന്ന കുറ്റത്തിന് ഒക്കോഗോയെ അറസ്റ്റ് ചെയ്യാൻ എത്തുന്ന ക്രിസ്ത്യൻ മെഷനറിമാരുടെ പോലീസ് കാണുന്നത് ഒരു മുഴം കയറിൽ തൻ്റെ കുടിലിൽ തൂങ്ങി അടുന്ന ഒക്കോഗോയുടെ ചലനമറ്റ ശരീരമാണ്.
പൊരുതി തോറ്റ അയാൾ ഒരു പക്ഷെ മനസ്സിലാക്കിയിരുന്നിരിക്കാം ,ഇനിയൊരു മടങ്ങിപ്പോക്ക് അസാധ്യമാണെന്ന വസ്തുത. ഗോത്രത്തിൻ്റെ തനത് വിശ്വാസ പ്രകാരം ആത്മഹത്യ പാപമാണ് ,ആയതിനാൽ ശവശരീരം ഗോത്രത്തിൽ പെടുന്ന ആരും തൊടാൻ പാടുള്ളതല്ല; വെള്ളക്കാരൻ തന്നെ ശരീരം കയറിൽ നിന്നും അഴിച്ച് മാറ്റുന്നു.
ഗോത്രം മാറിയിരിക്കുന്നു,
ദൈവം മാറിയിരിക്കുന്നു,
സംസ്ക്കാരം മാറിയിരിക്കുന്നു,
ഭാഷ മാറിയിരിക്കുന്നു,
നിയമം മാറിയിരിക്കുന്നു
പക്ഷെ മാറാത്തതെന്തോ അത് അയാൾ ആയിരുന്നു 'ഒക്കോഗോ'.
യൂറോപ്യൻ അധിനിവേശത്തിൻ്റെ ഇരകളായി മാറിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ തന്നെ കഥയാണ് 'Thing's Fall apart'. കഥാപാത്രങ്ങളും, സ്ഥലകാല നാമങ്ങളും സാങ്കൽപികമെങ്കിലും ആഫ്രിക്കൻ ജനജീവിതത്തോട് നീതി പുലർത്തി ചരിത്രം അനാവരണം ചെയ്യാൻ കഥാകാരൻ ശ്രമിച്ചിരിക്കുന്നു.സംഭവ ബഹുലമായ കഥയിലുടനീളം ഗോത്ര സംസ്ക്കാരം തനത് വിശ്വാസ പ്രമാണങ്ങൾ ,ഗോത്രങ്ങൾ തമ്മിലുള്ള അന്തർധാരകൾ ഒപ്പം സംഘർഷങ്ങളും.
ആഫ്രിക്കൻ/ നൈജീരിയൻ സാഹിത്യത്തിലേക്ക് കടക്കുന്നവർക്ക് ആദ്യപടി എന്ന വിധത്തിൽ കൂടുതൽ അനുയോജ്യമാണ്.
©Gokul Nadh
👌👌👌❤
ReplyDelete